![]() |
| Leo Tolstoy |
''നാമെത്തിയിരിക്കുന്നു; നിനക്കെന്തുവേണം വല്‍സാ''
എന്ന അര്‍ത്ഥത്തില്‍ ദൈവം എന്തോ പിറുപിറുത്തു. ആവേശം തിരതല്ലിയ മനസ്സോടെ ഭക്തിമൂര്‍ച്ഛയില്‍ കുഴഞ്ഞുവീഴുമെന്നായി.
എന്തുവേണം? അയാള്‍ ചിന്തിച്ചു. പെട്ടെന്ന് ഉത്തരം വേണമെന്ന ദൈവത്തിന്റെ മുന്നറയിപ്പ് അയാളെ കുഴക്കി. ഞൊടിയിടയില്‍ പലതും ആലോചിച്ചു. കൂടുതല്‍ ഭൂമിയുള്ളവരാണ് നാട്ടിലെ പ്രതാപശാലികള്‍. ഭൂമിയുണ്ടെങ്കില്‍ പിന്നെ എല്ലാം പിറകെയെത്തിക്കോളും. മരണംവരെ അദ്ധ്വാനിക്കാതെ ജീവിക്കാം. അതുകൊണ്ടുതന്നെ തനിക്ക് ഭൂമിയാണ് വേണ്ടതെന്ന് അയാള്‍ ദൈവത്തെ അറിയിച്ചു. എത്ര വേണമെന്ന ദൈവത്തിന്റെ ചോദ്യത്തിന് മുന്നില്‍ ഭക്തന്‍ വീണ്ടും പരുങ്ങി. ഭൂമി വേണമന്നല്ലാതെ ഭൂമിയുടെ വിസ്തീര്‍ണ്ണത്തിന്റെ യൂണിറ്റൊന്നും അയാള്‍ക്കറിയില്ലായിരുന്നു.
''നീ നാളെ രാവിലെ എഴുന്നേറ്റ് നടക്കുക. വൈകുന്നേരം വരെ നടന്നു തീര്‍ക്കുന്ന ഭാഗം മുഴുവന്‍ നിന്റേതാകും.''- പ്രശ്‌നപരിഹാരവുമായി ദൈവത്തിന്റെ അരുളിപ്പാടുണ്ടായി.
ശേഷം ദൈവം സ്ഥലം കാലിയാക്കി. ഭക്തന് പിന്നെ ഉറക്കമില്ലായിരുന്നു. പിറ്റേന്ന് അതിരാവിലെ അയാള്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. കയ്യില്‍ കഴിയുന്നത്ര ഭക്ഷണവും വെള്ളവും കരുതിയിരുന്നു. വിശ്രമിക്കാന്‍ ഒട്ടും മനസ്സു വന്നില്ല. കണ്ണില്‍ കണ്ട ധനികഗൃഹങ്ങളും മാളികകളും കൃഷിയിടങ്ങളും അയാള്‍ നടന്ന് സ്വന്തമാക്കി. മതി വരാതെ ഒരു ഭ്രാന്തനെപ്പോലെ അയാള്‍ തലങ്ങും വിലങ്ങും നടന്നു. മൈലുകള്‍ പിന്നിട്ടിട്ടും വിശ്രമമില്ല. സൂര്യതാപമേറ്റ് വാടി തളര്‍ന്നുവെങ്കിലും ഒരു നിമിഷം പോലും നഷ്ടപ്പെടുത്താന്‍ അയാള്‍ തയ്യാറായിരുന്നില്ല.
ഭക്ഷണവും വെള്ളവുമൊക്കെ നടക്കുന്നതിനിടയില്‍ തന്നെ അകത്താക്കി. ഒന്നു രണ്ടുതവണ തട്ടിവീണെങ്കിലും കുടഞ്ഞെഴുന്നേറ്റു നടത്തം തുടര്‍ന്നു. കുറെക്കഴിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നുവീഴാന്‍ തുടങ്ങി, പല പ്രാവശ്യം. ഉച്ചയായതോടെ ഒരിഞ്ച് നടക്കാനാവില്ലെന്ന് തോന്നിയെങ്കിലും തലേന്ന് കണ്ട വെളിപാടിന്റെ പ്രേരണയില്‍ അയാള്‍ ഏന്തിവലിഞ്ഞ് നടന്നുകൊണ്ടേയിരുന്നു. മോഹപൂരിതമായ മനസ്സ്! വെളിപാടിന്റെ ശക്തി! പക്ഷെ ഭ്രാന്തനെപ്പോലെ ഇഴഞ്ഞുനീങ്ങിയ അയാള്‍ അവസാനം മൂര്‍ച്ഛിച്ചു വീഴുക തന്നെ ചെയ്തു. വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനാവാതെ അയാള്‍ അവിടെക്കിടന്ന് അന്ത്യശ്വാസം വലിച്ചു. അപ്പോഴും ദിവസത്തിന്റെ പകുതിയും കൊണ്ടുപോയ ഭക്ഷണത്തില്‍ നല്ലൊരു പങ്കും ബാക്കിയുണ്ടായിരുന്നു. വൈകുന്നേരം തന്റെ കൃഷിയിടം സന്ദര്‍ശിക്കാനിറങ്ങിയ അവിടുത്തെ ഭൂപ്രഭു പുരയിടത്തില്‍ ആരോ വീണുകിടക്കുന്നത് ദൂരെ നിന്ന് കണ്ടതിനാല്‍ വാല്യക്കാരനെ അങ്ങോട്ടയച്ചു. വാല്യക്കാരന്‍ ശവത്തിനടുത്ത് അതൊരു മനുഷ്യനാണെന്ന് പ്രഭുവിനെ അറിയിച്ചു.
''ഓ! കഷ്ടം! ശരി, അയാളെ മറവ് ചെയ്യാന്‍ എത്ര ഭൂമി വേണം?''-പ്രഭുവിന്റെ സുതാര്യമായ ചോദ്യം.
''വെറും ആറടി''- ഉടന്‍ വന്നു വാല്യക്കാരന്റെ മറുപടി.
അത്യാഗ്രഹവും മോഹചിന്തയും കൊണ്ട് യാഥാര്‍ത്ഥ്യം റദ്ദ് ചെയ്യാനാവില്ലെന്ന് നമ്മോട് പറയുന്ന ഈ കഥ പല രൂപത്തില്‍ നിലവിലുണ്ടെങ്കിലും പ്രശസ്തമാക്കിയത് ലിയോ ടോള്‍സ്റ്റോയിയാണ്,'ഒരാള്‍ക്ക് എത്ര ഭൂമി വേണം' എന്ന അദ്ദേഹത്തിന്റെ അതിമനോഹരമായ ചെറുകഥ നാം ചെറിയ ക്‌ളാസ്സില്‍ പഠിക്കുന്നുണ്ട്. കിനാവ് കണ്ട് പ്രതിസന്ധികള്‍ തരണം ചെയ്യാനും ആഗ്രഹചിന്തയില്‍ അഭിരമിച്ച് ജീവിതയാതനകള്‍ നീക്കം ചെയ്യാനും തീവ്രമതവിശ്വാസി പരിശീലിക്കുന്നുണ്ട്. അവസാനം പ്രതീക്ഷകളുടെ പട്ടടയില്‍ ആറടി മണ്ണിന്റെ ജന്മിയായി അയാള്‍ ഒടുങ്ങുന്നു. മതവിശ്വാസം വിരാമമില്ലാത്ത ഒരു പകല്‍ക്കിനാവാകുന്നു. അതൊരു വേദനസംഹാരിയാണെന്ന് വാദിക്കുന്നവര്‍ ഒരിക്കലും സ്വപ്നാടനത്തില്‍ നിന്ന് പുറത്ത് വരാന്‍ ആഗ്രഹിക്കാത്തവരാണ്.
ദൈവത്തില്‍ വിശ്വസിക്കാന്‍ ദൈവം ഉണ്ടാകേണ്ടതുണ്ടോ? തീര്‍ച്ചയായുമില്ല. പ്രേതത്തില്‍ വിശ്വസിക്കാന്‍ പ്രേതമോ ജിന്നില്‍ വിശ്വസിക്കാന്‍ ജിന്നോ വേണമെന്ന് ഇന്നുവരെ ആരെങ്കിലും വാശിപിടിച്ചതായും കേട്ടിട്ടില്ല. ഉള്ളതാണെങ്കില്‍ ഇത്ര 'വിശ്വസിക്കേണ്ട' കാര്യമെന്ത് എന്ന് ചോദിക്കുന്ന രസികന്‍മാരും കുറവല്ല. ശരിയാണ്, ആരും സൂര്യനിലോ അന്തരീക്ഷവായുവിലോ പ്രകാശത്തിലോ വിശ്വസിക്കുന്നില്ല. കാരണം അവയൊക്കെ ഉള്ളതാകുന്നു. ദൈവവും പ്രേതവുമൊക്കെ ഇല്ലാതിരിക്കുന്നതാണ് വിശ്വാസികള്‍ക്ക് എന്തുകൊണ്ടും സൗകര്യപ്രദം. ദൈവമുണ്ടായാല്‍ ദൈവവിശ്വാസം അവിടെ സമാപിക്കും. ദൈവവിശ്വാസമെന്നത് ദൈവമുള്ളതുകൊണ്ട് തുടങ്ങിയ ഒന്നല്ല, അത് നിലനിര്‍ത്താനും തുടരാനും ദൈവമുണ്ടാകേണ്ട ആവശ്യവുമില്ല. തെളിവിന്റെയും ആവശ്യമില്ല. കാരണം തെളിവ് ശേഖരിച്ചിട്ട് തുടങ്ങിയ ഒരു സംരംഭമല്ലത്. വികാരം കൊണ്ട് സൃഷ്ടിച്ച ഒന്നിനെ വിചാരം കൊണ്ട് നീക്കം ചെയ്യാനാവില്ലെന്നറിയണം.
ദൈവമില്ലെങ്കില്‍ ദൈവവിശ്വാസം കൊണ്ട് എന്തു പ്രയോജനം? നിരവധി സാമൂഹികതിന്മകളും കറുത്തവശങ്ങളുമുള്ള മതവിശ്വാസത്തിന്റെ മാനം കാക്കാനായി ഇക്കാലത്ത് ഉന്നയിക്കപ്പെടുന്ന വാദമാണ് സമാശ്വാസസിദ്ധാന്തം(Consolation Theory). ഒന്നുമില്ലെങ്കിലും ദൈവവിശ്വാസം മനസ്സമാധാനം കൊണ്ടുവരുന്നില്ലേ? ആത്മവിശ്വാസവും സമാശ്വാസവും കൊണ്ടുവരാന്‍ ദൈവത്തിനാകുന്നുവെങ്കില്‍ തീര്‍ച്ചയായും മതവിശ്വാസം ആ നിലയില്‍ ന്യായീകരിക്കപ്പെടേണ്ടതാണ്. മതവിശ്വാസം മനസ്സമാധാനവും ആത്മവിശ്വാസവും നല്‍കുന്നുവെന്ന മതപ്രചരണം ശരിയാണെങ്കില്‍ ഭൂരിപക്ഷം മതവിശ്വാസികളുള്ള സമൂഹങ്ങളില്‍ ഈ വകുപ്പില്‍ പ്രശ്‌നങ്ങളേ ഉണ്ടാകാന്‍ പാടില്ല. മതാധിപത്യമുള്ള ഏതെങ്കിലും രാജ്യം മനസ്സമധാനവും ശാന്തിയും അനുഭവിക്കുന്നുണ്ടോ? എല്ലാ ദൈവത്തില്‍ സമര്‍പ്പിച്ച് നടക്കുന്നുവെന്ന് വീമ്പിളിക്കുന്ന മതവിശ്വാസിക്ക് ശരിയായ ഉറക്കമെങ്കിലും ലഭിക്കുന്നുണ്ടോ? ദൈവം മനസ്സമാധാനവും ആത്മവിശ്വാസവും നല്‍കുന്നുവെങ്കില്‍ ദൈവത്തിന്റെ അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വഹിക്കുന്ന ബദലുകളെന്തെങ്കിലും ദൈവനിഷേധികളുടെ പക്കലുണ്ടോ എന്ന ചോദ്യമുയരും.
മറ്റ് ചിലര്‍ പറയുന്നതിതാണ്: ദൈവം എന്നൊന്നില്ലെന്നും സദാചാരനിഷ്ഠയും ധാര്‍മ്മികബോധവും നിലനിറുത്താന്‍ ദൈവത്തിന്റെ ആവശ്യമില്ലെന്നും പറയുന്നവര്‍ നിരവധിയുണ്ടാവാം. എന്നാല്‍ ദൈവം സമാശ്വസിപ്പിക്കുമെന്ന് അവരും സമ്മതിക്കും. വൈകാരികമായി നമുക്ക് ഒരു ദൈവം വേണം. അല്ലെങ്കില്‍ നാം വീണുപോകും. ചില സന്ദര്‍ഭങ്ങളില്‍ ഒരു കൈത്താങ്ങ് അത്യാവശ്യമാണ്. ദെവം അത് നല്‍കുന്നു. മരണാസന്നരായ രോഗികള്‍, നിരാശ്രയര്‍, ദരിദ്രര്‍, ശാരീരിക വൈകല്യമുള്ളവര്‍, അനാഥര്‍, ഒറ്റപ്പെട്ടവര്‍...ഇവര്‍ക്കൊക്ക ദൈവമല്ലാതെ തുണയായി ആരുണ്ട്? സ്വന്തം അനുഭവത്തിന്റെയോ ചിന്താശേഷിയുടെയോ അടിസ്ഥാനത്തില്‍ ഒരുതരത്തിലും ദൈവമെന്ന ആശയത്തെ ന്യായീകരിക്കാന്‍ കഴിയാത്തവരും സമാശ്വാസസിദ്ധാന്തം ചൂണ്ടിക്കാട്ടി മതത്തിന് നേരെ കണ്ണടയ്ക്കുന്നത് കാണാം. എത്ര മോശമായാലും അഗതിക്കും രോഗിക്കും അശരണര്‍ക്കും ഒരു താങ്ങായി ദൈവമല്ലാതെ മറ്റാരുണ്ട്?-ഇതാണ് ചോദ്യം. അറിഞ്ഞോ അറിയാതെയോ മിക്കവരും അതേറ്റുപിടിക്കുന്നു.
സമ്പന്നരായ ആള്‍ദൈവങ്ങളെ ന്യായീകരിക്കാനും ഈ ന്യായം ഉപയോഗിച്ച് കാണാറുണ്ട്. കപടവും വ്യാജവുമാണെന്ന് വാദിച്ചാലും അവരുടെയൊക്കെ കയ്യില്‍ പണമില്ലേ? അവര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ലേ? കയ്യിലിരിക്കുന്ന പണമെറിഞ്ഞ് സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നില്ലേ? ആര്‍ക്ക് ചെയ്യാനാവുമിതൊക്കെ? നമ്മുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സര്‍ക്കാര്‍ പോലും പരാജയപ്പെടുന്നിടത്തല്ലേ ഇവരൊക്കെ വികസനം നടത്തുന്നത്? മതനിഷേധികളാണ് വാദിച്ച് നടക്കുന്ന നക്കാപ്പിച്ച കയ്യിലില്ലാത്തവര്‍ക്ക് സാധിക്കുമോ ഇതൊക്കെ?
സമാശ്വസിപ്പിക്കല്‍ വ്യവസായത്തേയും(Consolation Industry), ജീവകാരുണ്യപ്രസ്ഥാനത്തേയും ആര്‍ക്കും തൊട്ടുകളിക്കാനാവില്ലെന്ന് ആള്‍ദൈവങ്ങള്‍ വീമ്പിളക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചെയ്യുന്നവര്‍ ആരോ ആയിക്കൊള്ളട്ടെ 'സഹായം' വേണ്ടെന്ന് പറയാന്‍ ആര്‍ക്കുമാകില്ല. കൊള്ളമുതല്‍ വീതിച്ചു കിട്ടിയാലും നന്ദിയും കൂറും കാണിക്കുന്ന സ്വഭാവം മനുഷ്യരെ കയ്യൊഴിയില്ല. എങ്ങനെ പണമുണ്ടാക്കുന്നു എന്നതല്ല തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് ഭൂരിപക്ഷവും പരിഗണിക്കുന്ന വസ്തുത. എന്തായാലും ഇത്തരം കാര്യങ്ങള്‍ വിശകലനം ചെയ്യാനായി മതം യഥാര്‍ത്ഥത്തില്‍ മനുഷ്യരെ സമാശ്വസിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സമാശ്വസിപ്പിക്കുന്നു എന്ന ഒരു വ്യാജപ്രതീതി താല്‍ക്കാലികമായി ഉണ്ടാക്കുകയാണോ മതം ചെയ്യുന്നത്? മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ ദു:ഖവും മാനസികസമ്മര്‍ദ്ദവും ഒഴിവാക്കി നമ്മെ ആശ്വസിപ്പിക്കുന്നുണ്ടല്ലോ. രജനീകാന്തിന്റെ സിനിമ വീണ്ടും കാണുമ്പോള്‍ കൂടുതല്‍ ആശ്വാസം കിട്ടുന്നുവെന്ന് വരെ വാദിക്കുന്നവരുണ്ട്. ആലോചിക്കുക, മതത്തിന് സമാശ്വസിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് വന്നാലും അത് ശരിയാണെന്ന് തെളിയുന്നില്ല(Religion's power to console doesn't make it true).
![]() |
| Daniel Dennet |
വിശ്വസിച്ചാലും ഇല്ലെങ്കിലും വിശ്വസിക്കുന്നുവെന്ന് നിരന്തരം ഏറ്റുപറയാനുള്ള പരിശീലനം മിക്കവര്‍ക്കും ലഭിക്കുന്നുണ്ട്. ഒരു കാര്യം നിരന്തരം ഏറ്റുപറഞ്ഞുകൊണ്ടിരുന്നാല്‍ സ്വയം ബോധ്യപ്പെടുമെന്നാണ് സങ്കല്‍പ്പം. ആവര്‍ത്തിക്കുന്നത് സത്യമായാലും അസത്യമായാലും ഉണ്ടാകുന്ന ഫലം ഒന്നുതന്നെ. സദാ സ്വയമേറ്റുപറയുന്നു, ചുറ്റുമുള്ള പലരും പറയുന്നു...തെളിവോ വ്യക്തിഗതഅനുഭവമോ ഇല്ലെങ്കിലും വിശ്വാസം വേരുപിടിക്കാന്‍ വിഷമമില്ല. സ്വന്തം വിശ്വാസത്തെപ്പറ്റിയുള്ള ലഘുവിമര്‍ശനം പോലും സഹിക്കാനാവില്ലെന്ന് ഭാവിക്കുന്ന പലരും യഥാര്‍ത്ഥത്തില്‍ വിശ്വാസികളല്ല. യൂറോപ്പിലെ ക്രിസ്ത്യന്‍ പുരോഹിതന്‍മാരുടെ ഇടയിലുള്ള അവിശ്വാസികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേ നിരക്കില്‍ മുസ്‌ളീം പുരോഹിതര്‍ക്കിടയില്‍ അവിശ്വാസികള്‍ ഉണ്ടാകില്ല. എന്തെന്നാല്‍ അവിശ്വാസികളെ 'മാതൃകാപരമായി' കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയാം! അതുകൊണ്ടുതന്നെ മതത്തിന് പുറത്തുവരുന്ന കാര്യമോര്‍ക്കുമ്പോള്‍ അവരുടെ ദേഹമാസകലം വിറകൊള്ളും.
വിശ്വാസത്തെപ്പറ്റിയുള്ള അസുഖകരമായ ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് പലരും'അതിവൈകാരികത' അഭിനയിക്കുന്നത്. ദേഹമാസകലം വിസര്‍ജ്യം വാരി തേച്ചാല്‍ ജനം തന്നെ പിടികൂടില്ലെന്ന് കരുതുന്ന മോഷ്ടാവിന്റെ ബുദ്ധിയാണിത്. മതവിശ്വാസം എപ്പോഴും'വ്രണ'പ്പെട്ടുകൊണ്ടിരിക്കും. കാരണം അതൊരു മുറിവാകുന്നു. മനുഷ്യരാശിയുടെ ഹൃദയത്തിലേറ്റ ആഴത്തിലുള്ള ഒരു മുറിവ്!
ഡാന്‍ ഡെനറ്റ് 'ബ്രേക്കിംഗ് ദ സ്‌പെല്‍' എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന 'വിശ്വസിക്കുന്നതില്‍ വിശസിക്കുക'എന്ന വാചകം ഭൂരിപക്ഷം മതവിശ്വാസികളെ സംബന്ധിച്ചും അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. മദര്‍ തെരേസയെപ്പോലെ പലരും കപടവിശ്വാസത്തിന്റെ പിറകില്‍ തങ്ങളുടെ അവിശ്വാസം ഒളിച്ചുവെക്കുന്നു. ഡാര്‍ ബാര്‍ക്കറിനെപ്പോലുള്ളവര്‍ വൈകിയാണെങ്കിലും പുറത്തുവരുന്നു.
മതവിശ്വാസികളില്‍ നല്ലൊരു ശതമാനം അതിഭൗതികവും അതീന്ദ്രിയവുമായ യാതൊന്നിലും വിശ്വസിക്കുന്നില്ലെന്നതാണ് വാസ്തവം. മതം പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും വിഡ്ഢിത്തമാണെന്ന് അവര്‍ രഹസ്യമായി സമ്മതിക്കും. പൗരോഹിത്യം വലിയ തിന്മയാണെന്ന കാര്യത്തിലും അവര്‍ക്ക് അഭിപ്രായവ്യത്യാസമില്ല. എന്നിട്ടും അവര്‍ വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്നു;യുക്തിഹീനമായ കാര്യങ്ങളോട് മൃദുലസമീപനം നിലനിറുത്തുന്നു.
മതം ശരിയാണെന്ന് വാദിക്കുന്നതും മതം ശരിയാണെന്ന് പറയുന്നതില്‍ വിശ്വസിക്കണമെന്ന് വാദിക്കുന്നതും രണ്ടും രണ്ടാണ്. ബൗദ്ധികഭീരുത്വം കാരണം ഇതംഗീകരിക്കാന്‍പോലും പലരും മടിക്കുന്നു. അല്ലെങ്കില്‍ അവര്‍ മറ്റൊരു തന്ത്രമാവിഷ്‌കരിക്കുന്നു. സത്യവും തെളിവുമൊക്കെ മനുഷ്യവികാരത്തിന് മുന്നില്‍ ഒന്നുമല്ല. മനുഷ്യന് വൈകാരികമായി ആവശ്യമെന്നുതോന്നുന്ന കാര്യങ്ങള്‍ നിലനില്‍ക്കണം. അവിടെ സാധുതയും തെളിവുമൊന്നും പ്രശ്‌നമല്ല. മനുഷ്യന് ഉപയോഗമില്ലാത്ത സത്യം ആര്‍ക്ക് വേണം? മനുഷ്യന് ഇഷ്ടമാകുന്ന അസത്യങ്ങളാണ് നാം അംഗീകരിക്കേണ്ടത്!
മനുഷ്യവികാരങ്ങള്‍ തീര്‍ച്ചയായും നമുക്ക് നിസ്സാരവല്‍ക്കരിക്കാനാവില്ല. മനഷ്യന്‍ സ്വപ്നം കാണുന്ന ജീവിയാണ്(Man is a dreaming animal). അവന്റെ മോഹങ്ങളും അത്യാഗ്രഹങ്ങളും തൃഷ്ണയും ഒരിക്കലും ശമിക്കുന്നില്ല. എന്നാല്‍ സത്യവും പ്രധാനപ്പെട്ടത് തന്നെയല്ലേ? ലോകത്തെ സര്‍വ നിരീശ്വരവാദികളും മാനസികസമ്മര്‍ദ്ദവും ആശങ്കയുമായി ആത്മഹത്യയെ മുഖാമുഖം കണ്ടുകഴിയുകയാണെന്ന് കരുതിയാലും മതവിശ്വാസികളെല്ലാം സന്തുഷ്ടരാണെന്ന് തെളിയുന്നില്ല. നിരീശ്വരവാദികളെല്ലാം ആശങ്കാകുലരും അസന്തുഷ്ടരുമാണെന്ന വാദം കഴമ്പില്ലാത്ത മതപ്രചരണമാണെന്ന് മാത്രമല്ല വാസ്തവവിരുദ്ധവുമാണ്. നാസ്തികരില്‍ ചിലര്‍ വളരെ സന്തുഷ്ടരായി ആത്മവിശ്വാസത്തോടെ ജീവിക്കുന്നു, മറ്റുചിലര്‍ക്ക് സാധാരണയുളള പ്രശ്‌നങ്ങളുണ്ട്, മറ്റു ചിലരാകട്ടെ തികഞ്ഞ ഗതികേടിലുമാണ്. ഇതൊക്കെ തന്നെയാണ് മതവിശ്വാസികളുടേയും അവസ്ഥ.
സന്തുഷ്ടര്‍, ദു:ഖിതര്‍, രോഗികള്‍, ധനികര്‍, ദരിദ്രര്‍, വികലാംഗര്‍, അന്ധര്‍, ബധിരര്‍, പണ്ഡിതര്‍, ഉത്തമപൗരന്‍മാര്‍, മനുഷ്യസ്‌നേഹികള്‍, വഷളന്‍മാര്‍, ക്രിമിനലുകള്‍, അഴിമതിക്കാര്‍, ഭീകരര്‍.......തുടങ്ങി എല്ലാ വിഭാഗക്കാരും അവിടെയുണ്ട്. വിശ്വാസവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാവുന്നതാണ്. എന്നാല്‍ അത്തരമൊരു കണക്ക് ഏതെങ്കിലുമൊരു വിഭാഗത്തിന് അനുകൂലമാകുമെന്ന് കരുതാനാവില്ല. എന്തായാലും അധമരിലും അസന്തുഷ്ടരിലും ആവലാതിക്കാരിലും ബഹുഭൂരിപക്ഷവും മതവിശ്വാസികളായിരിക്കും എന്നുറപ്പിക്കാം. മതവിശ്വാസികള്‍ അവിശ്വാസികളേക്കാള്‍ എണ്ണത്തില്‍ കൂടുതലാണ് എന്നതാണതിന്റെ കാരണം. സമാനമായ കാരണം കൊണ്ടുതന്നെ സന്തുഷ്ടരിലും ധനികരിലും എണ്ണത്തില്‍ കൂടുതല്‍ മതവിശ്വാസികളായിരിക്കും.
നാസ്തികര്‍ക്ക് വിഷാദവും മാനസികപ്രയാസങ്ങളും വിശ്വാസികളേക്കാള്‍ കൂടുതലായി ഉണ്ടോ? ഇനിയഥവാ ഉണ്ടെങ്കില്‍ അതിന് പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ? 'ഇല്ല'-എന്നുതന്നെയാണ് രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം. ഒരു നാസ്തികനായി ജീവിക്കുന്നതുതന്നെയാണ് ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നത്. നാസ്തികത ജീവിതത്തിന്റെ നിലയ്ക്കാത്ത ആഘോഷമാകുന്നു. നാസ്തികര്‍ ബുദ്ധിശക്തിയില്‍ മാത്രമല്ല ആത്മവിശ്വാസത്തിന്റെയും മാനസികമായ കരുത്തിന്റെ കാര്യത്തിലും ഒരു പടി മുന്നിലാണെന്ന് തന്നെയാണ് ഇക്കാര്യത്തിലുള്ള മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത്.
ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുപ്രകാരം'സമാശ്വാസം' എന്നവാക്കിന് ദു:ഖത്തിന്റെയും മാനസികസമ്മര്‍ദ്ദത്തിന്റേയും ലഘൂകരണം എന്നര്‍ത്ഥം. രണ്ടു രീതിയിലുള്ള സമാശ്വാസമാണ് പൊതുവെയുള്ളത്. (ഒന്ന്) നേരിട്ടുളള സമാശ്വാസം:ആള്‍പാര്‍പ്പില്ലാത്ത ഒരു പര്‍വ്വതപ്രദേശത്ത് തുണയ്ക്കാരുമില്ലാത്ത ഒരാള്‍ക്ക് കഴുത്തില്‍ ബ്രാന്‍ഡികുപ്പിയും തൂക്കിയിട്ട വലിയ സെന്റ്ബര്‍നാര്‍ഡ് നായ കൂട്ടായെത്തുമ്പോള്‍ വലിയ ആശ്വാസമാണുണ്ടാകുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെ ഗാഢമായി ആലിംഗനം ചെയ്ത് ചില ആശ്വാസവാക്കുകള്‍ പറയുന്നത് കുട്ടിക്ക് വലിയആശ്വാസം നല്‍കുന്നു. (രണ്ട്) പരോക്ഷമായ ആശ്വാസം:ഇതുവരെ അറിയാതിരിക്കുന്ന ഒരുകാര്യം അറിഞ്ഞതുമൂലം ഉണ്ടാകുന്ന സമാശ്വാസം. അല്ലെങ്കില്‍ ഇതുവരെ ശ്രമിച്ചുനോക്കാതിരുന്ന ഒരു രീതിയിലൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന സമാശ്വാസം. സ്‌നേഹസമ്പന്നനായിരുന്ന ഭര്‍ത്താവ് യുദ്ധത്തില്‍ നഷ്ടപ്പെട്ട് കടുത്ത ശോകത്തില്‍ കഴിയുന്ന ഒരു വിധവ ഭര്‍ത്താവിന്റെ കുട്ടിയെ താന്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ ആശ്വസിക്കുന്നു. ഭര്‍ത്താവ് ധീരമായി പോരാടിയാണ് മരിച്ചതെന്നറിഞ്ഞാലും അവള്‍ ആശ്വാസം കൊള്ളും. തത്വചിന്തകര്‍ മരണത്തെ താത്വികമായി വിശകലനം ചെയ്ത് കേള്‍ക്കുമ്പോള്‍ മരണം തീര്‍ത്തും ദു:സ്സഹമാണെന്ന ചിന്തയില്‍ മാറ്റമുണ്ടാകും.
മനുഷ്യജീവിതത്തില്‍ ഏഴ് ഘട്ടങ്ങളുണ്ടെന്ന് ഷേക്‌സിപിയര്‍ എഴുതിയിട്ടുണ്ട്. ഓരോഘട്ടവും തൊട്ടുമുമ്പേയുള്ള ഘട്ടത്തിന്റെ മരണത്തില്‍നിന്നുമാണ് തുടങ്ങുന്നതെന്ന് ബോധ്യപ്പെട്ടാല്‍ മരണം എന്ന ആത്യന്തികസത്യം തിരിച്ചറിയാന്‍ നമുക്കാവും. ജീവിതം തന്നെ സാവധാനത്തിലുളള മരണമായി പരിഗണിക്കാം. ഓരോ ദിവസം കഴിയുമ്പോഴും നാം അനിവാര്യമായ മരണത്തിലേക്ക് കുതിക്കുകയാണ്. ഇന്നലെയുള്ള ദൂരം ഇന്നില്ലെന്ന ബോധം മരണം അപ്രതീക്ഷിതമോ അസഹനീയമോ ആണെന്ന ധാരണ ഉപേക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.
![]() |
| Mark Twain |
![]() |
| Bertrand Russell |
ശാസ്ത്രവുമായി തട്ടിച്ച് നോക്കുമ്പോള്‍ മതം എങ്ങനെയാണ് ഈ രണ്ടുരീതിയിലുള്ള (പ്രത്യക്ഷവും പരോക്ഷവും)സമാശ്വാസം നല്‍കുന്നത്? ആദ്യത്തെ സമാശ്വസിപ്പിക്കല്‍ ദൈവം എന്ന ശക്തി(സാങ്കല്‍പ്പികവും അയഥാര്‍ത്ഥവുമായിക്കൊള്ളട്ടെ)സുഹൃത്തിനെപ്പോലെ തോളില്‍ കയ്യിട്ടു കൊണ്ട് സമാശ്വസിപ്പിക്കുന്നുവെന്ന തോന്നലാണ്. സെന്റ്ബര്‍നാര്‍ഡ് നായയെപ്പോലെയോ അല്ലെങ്കില്‍ അതിന്റെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ബ്രാന്‍ഡിക്കുപ്പി പോലെയോ അത് വിശ്വാസിക്ക് ആശ്വാസം കൊണ്ടുവരും. പക്ഷെ ശാസ്ത്രീയ ഔഷധങ്ങള്‍ക്ക് ഇതേ സമാശ്വാസം ഇതിലും മെച്ചപ്പെട്ട രീതിയില്‍ നല്‍കാനാവും. രണ്ടാമത്തെ സമാശ്വാസത്തിന്റെ കാര്യം പരിഗണിച്ചാല്‍ മതം വളരെ ശക്തമായ പ്രഭാവം ചെലുത്തുന്നുവെന്നാണ് ആദ്യം തോന്നുക. ഭൂകമ്പവും സുനാമിയും പോലുള്ള കൊടിയ നാശങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കും ഇരയാകുമ്പോള്‍ എല്ലാം 'ദൈവപദ്ധതിയാണ്' എന്ന ചിന്തയില്‍ കുറച്ചെങ്കിലും ആശ്വാസം കിട്ടുന്നതായി ചില മതവിശ്വാസികള്‍ അവകാശപ്പെടാറുണ്ട്. അവരെ സംബന്ധിച്ചിടത്തോളം നിസ്സഹായതയ്ക്ക് ഒരു ന്യായീകരണമായി.
വ്യക്തിജീവിതത്തില്‍ ദു:ഖവും ദുരന്തവും കനക്കുമ്പോള്‍ സ്വയം ആശ്വസിക്കാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനുമായി ഇത്തരം വാചകങ്ങള്‍ ആവര്‍ത്തിച്ചുരുവിടാനാണ് മതവിശ്വാസികള്‍ക്ക് പരിശീലനം ലഭിക്കുന്നത്. ദൈവം ഒരിക്കല്‍ പ്രത്യക്ഷപ്പെടുമെന്നോ തിരിച്ചുവരുമെന്നോ അവര്‍ വിശ്വസിക്കുന്നു. അന്ന് പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് വിഭാവനം ചെയ്യുന്നത് അവര്‍ക്ക് മാനസികമായ കരുത്തും ആത്മവിശ്വാസവും നല്‍കും.'എല്ലാം ദൈവത്തിന്റെ തീരുമാനം', 'അവന്റെ ഇഷ്ടം', 'അവന്റെ ലീല', 'ദൈവേച്ഛ', 'ദൈവവിധി' തുടങ്ങിയ സ്വഭാവത്തിലുള്ള വാചകങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ആവര്‍ത്തിച്ചുരുവിട്ടാല്‍ ആശ്വാസം കിട്ടുമെന്ന് അവര്‍ വിചാരിക്കുന്നു. വരട്ടുചൊറി മുതല്‍ കൊടിയദുരന്തങ്ങളില്‍വരെ സമാനമായ നിലപാടാണ് മതവിശ്വാസികള്‍ സ്വീകരിക്കുക.
ജീവിതം ഒരിക്കല്‍ അവസാനിക്കുമെന്ന ചിന്ത ജീവതം ആസ്വദിക്കുന്നതിന് തടസ്സമാണോ? ഒരിക്കലുമല്ല. ആഹാരം തീരുമെന്ന ബോധമുള്ളതു കൊണ്ടുമാത്രം ആരും ആഹാരമുപേക്ഷിക്കാറില്ല, രുചി കുറഞ്ഞെന്ന് വിലപിക്കാറുമില്ല. അവസാനമുള്ളവയും ആസ്വദിക്കാന്‍ ശീലിക്കണം. 'അവസാനമില്ലാത്ത സുഖം' എന്നത് മതവികലതയില്‍ നിന്നുത്ഭവിക്കുന്ന അത്യാഗ്രഹമാകുന്നു.
മരണം ആസന്നമാകുന്ന ഘട്ടത്തില്‍ താന്‍ മരണത്തിനുശേഷം അനശ്വരനായിരിക്കുമെന്നും ദൈവത്തിനോപ്പം സ്വര്‍ഗ്ഗത്ത് വസിക്കുമെന്നൊക്കെ സങ്കല്‍പ്പിക്കുന്നത് വിശ്വാസിയുടെ വ്യഥ കുറയ്‌ക്കേണ്ടതാണ്. അതേസമയം നരകത്തിലേക്ക് പോകുകയാണെന്ന തോന്നല്‍ ഭീതിയുളവാക്കുകയും ചെയ്യും. വ്യാജവിശ്വാസങ്ങള്‍ ഇച്ഛാഭംഗം സംഭവിക്കുന്ന നിമിഷം വരെ ശരിയായ വിശ്വാസങ്ങളുടെ ഗുണം ചെയ്യും. കപടവിശ്വാസവും ശരിയായ വിശ്വാസവും തമ്മില്‍ അവസാനഘട്ടത്തില്‍ മാത്രമേ തിരിച്ചറിയാനാവുകയുള്ളു. മതവിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല മതാതീതമായ കാര്യങ്ങളിലും ഇത് സാധുവാണ്. തകരുന്നതുവരെ ഒറിജിനലും ഡ്യൂപ്‌ളിക്കേറ്റും ഒരുപോലെ പ്രവര്‍ത്തിക്കുന്നു.
വിശ്വസിക്കുക എന്നാല്‍ ചിന്തിക്കാന്‍ വിസമ്മതിക്കുക എന്ന അര്‍ത്ഥം കൂടിയുണ്ട്. വിശ്വാസം വ്യാജമായാലും ശരിയായാലും പ്രവര്‍ത്തനഫലം ഒന്നുതന്നെയാണ്. വ്യാജവിശ്വാസവുമായി ജീവിച്ച് മരിക്കാന്‍ ആര്‍ക്കും സാധിക്കും. ദൈവം യഥാര്‍ത്ഥമായതുകൊണ്ടോ വ്യാജമായതുകൊണ്ടോ പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല. വ്യാജകറന്‍സിയും അംഗീകൃതകറന്‍സിയും പോലെയാണവ. രണ്ടും അന്ത്യനിമിഷം വരെ സമാനമായ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. എന്നാല്‍ ഫലം തരേണ്ട സമയത്ത് വ്യാജനോട്ട് നമ്മെ നിര്‍ദയമായി കബളിപ്പിക്കും. കയ്യിലിരിക്കുന്നത് കള്ളനോട്ടാണെന്ന് നാമറിയുന്നില്ല,അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല. കള്ളനോട്ടിന് തുല്യമായ തുക പക്കലുണ്ടെന്ന ആത്മവിശ്വാസമാണ് അവസാന നിമിഷംവരെ മതവിശ്വാസിയെ നയിക്കുന്നത്.
മരണം ഉറപ്പായിക്കഴിഞ്ഞ ഒരു അര്‍ബുദ രോഗിയോട് 'നിങ്ങള്‍ തീര്‍ച്ചയായും രക്ഷപ്പെടും' എന്ന് ഡോക്ടര്‍ കളവ് പറഞ്ഞാല്‍ അതയാള്‍ക്ക് ആശ്വാസം പകരുമെന്നതില്‍ സംശയമില്ല. രക്ഷപ്പെടുമെന്നുറപ്പുള്ള മറ്റൊരു രോഗിയോട് ഡോക്ടര്‍ ഇതേ ആശ്വാസവാക്കുകള്‍ പറഞ്ഞാലുണ്ടാകുന്ന പ്രഭാവമാണ് മരണം ഉറപ്പായ രോഗിയിലും ഉണ്ടാകുക. മരണാനന്തരജീവിതത്തിലും സ്വര്‍ഗ്ഗത്തിലും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതുമൂലം ഉണ്ടാകാനിടയുള്ള മോഹഭംഗം ഡോക്ടറുടെ നുണപോലെ ഒരിക്കലും വെളിപ്പെടുകയില്ല. ഡോക്ടറുടെ നുണയാകട്ടെ രോഗം മൂര്‍ച്ഛിക്കുകയും മരണലക്ഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ രോഗിക്ക് ബോദ്ധ്യപ്പെടും. എന്നാല്‍ മരണാനന്തരജീവിതവും സ്വര്‍ഗ്ഗവുമൊക്കെ യാഥാര്‍ത്ഥ്യമാണോ എന്നറിയാന്‍ മരണംവരെ യാതൊരു ഉപായവുമില്ല. മരണം കഴിഞ്ഞ് തീരെയുമില്ല! മതസങ്കല്‍പ്പങ്ങള്‍ തെളിയാക്കാനാവില്ലെന്നതാണ്(Unprovabe) മതത്തിന്റെ കരുത്ത്. മരണശേഷമുള്ള കാര്യങ്ങളെ കുറിച്ച് പറയുന്നത് തെറ്റാണെന്ന് തെളിയിക്കാന്‍ വിശ്വസിക്കുന്നവര്‍ക്കോ വിശ്വസിപ്പിക്കുന്നവര്‍ക്കോ സാധ്യമല്ല. അവിശ്വസിക്കുന്നവരുടെ കാര്യം പറയാനുമില്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഇക്കാര്യത്തില്‍ നിസ്സഹായരാണ്. അറിയാനാവാത്തതും ഇല്ലാത്തതുമായ കാര്യങ്ങളെപ്പറ്റി ഉന്നയിക്കുന്ന അവകാശവാദം എന്നെന്നും ഭദ്രമായിരിക്കും.
അമേരിക്കയിലെ 95% മതവിശ്വാസികളും മരണശേഷം തങ്ങള്‍ക്ക് മെച്ചപ്പെട്ട മറ്റൊരു ജീവിതമുണ്ടെന്ന് അഭിപ്രായപ്പെട്ടുവന്ന് സൂചിപ്പിക്കുന്ന ഒരു ഗാലപ്പ് പോള്‍ ഈയ്യിടെ പുറത്തുവന്നിരുന്നു. ഫലം എന്തുമാകട്ടെ, മരണാന്തരജീവിതത്തില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ടവരില്‍ എത്ര ശതമാനം അതില്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നുണ്ട്? യാഥാര്‍ത്ഥ്യം പലപ്പോഴും രസകരമാണ്. ഈ 95% പേരും ആത്മാര്‍ത്ഥമായി അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവരെല്ലാം ആമ്പിള്‍ഫോര്‍ത്തിലെ ആബട്ടിനെപ്പോലെ (Abbot of Ampleforth) പെരുമാറേണ്ടതല്ലേ? ആരാണീ ആബട്ട്? മരണാനന്തരജീവതത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും അതനുസരിച്ച് സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനിയാണ് ബ്രിട്ടണിലെ ആമ്പിള്‍ഫോര്‍ത്തിലെ ഈ പുരോഹിതന്‍. ഒരിക്കല്‍ കാര്‍ഡിനല്‍ ബേസില്‍ഹ്യൂം(Cardinal Basil Hume)താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഈ ആബട്ടിനോട് പറഞ്ഞുവത്രെ. അപ്പോള്‍ പുള്ളിയുടെ പ്രതികരണം തീര്‍ത്തും സത്യസന്ധമായിരുന്നു:''അഭിനന്ദനങ്ങള്‍! ഒരു ഉജ്ജലമായ വാര്‍ത്തയാണത്. താങ്കള്‍ക്കൊപ്പം വരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാനാശിക്കുന്നു.''('Congratulations! That is brilliant news. I wish I was coming with you').
ആമ്പിള്‍ഫോര്‍ത്തിലെ ആബട്ട് സത്യസന്ധനായ വിശ്വാസിയാണ്. ആബട്ടിന്റെ വാചകങ്ങള്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്ന മേല്‍സൂചിപ്പിച്ച 95% പോലും കാര്യമായിട്ടെടുക്കില്ല. അവര്‍ക്കും ഈ വാചകങ്ങള്‍ ഒരു തമാശ മാത്രമാണ്. പക്ഷെ എന്തുകൊണ്ട്? ആരുടെ വിശ്വാസമാണ് പരിഹാസ്യം? ആരാണ് കാപട്യം കാണിക്കുന്നത്? എന്തായാലും ആബട്ടല്ല, ആത്മാര്‍ത്ഥമായും വിശ്വസിക്കുന്ന കാര്യമാണ് അദ്ദേഹം സത്യസന്ധമായി പറഞ്ഞത്.
എന്തുകൊണ്ട് ലോകത്തുള്ള ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും ജൂതന്‍മാരും ഹിന്ദുക്കളുമൊക്കെ ഇങ്ങനെ പറയുന്നില്ല? മാതാപിതാക്കളും അടുത്ത മിത്രങ്ങളും മരിക്കാന്‍നേരത്ത് എന്തുകൊണ്ട് ആനന്ദിക്കുന്നില്ല? മരിക്കാന്‍ പോകുന്നവരുടെ സൗഭാഗ്യങ്ങളോര്‍ത്ത് ഉള്ളാലെ സന്തോഷിക്കുന്നില്ല? കറതീര്‍ന്ന വിശ്വാസിയായ ഒരാള്‍ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്ന് ഡോക്ടര്‍ ഉറപ്പ് പറയുമ്പോള്‍ തന്റെ സൗഭാഗ്യത്തെക്കുറിച്ചോര്‍ത്ത് എന്തുകൊണ്ട് ആഹ്‌ളാദിക്കുന്നില്ല? ഭൂമിയിലെ ജീവിതത്തേക്കാള്‍ എത്രയോ മഹത്തരവും ഉദാത്തവുമാണ് പ്രഭുവിനോടൊത്തുള്ള നിത്യജീവിതം! ഈ ഒരു നിമിഷത്തിനുവേണ്ടിയാണല്ലോ അയാള്‍ ജീവിതം മുഴുവന്‍ ആരാധന നടത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് സൗജന്യവിനോദയാത്രയ്ക്ക് പോകാന്‍ അവസരം ലഭിച്ച ആഹ്ലാദത്തോടെ അയാള്‍ മരണം സ്വീകരിക്കേണ്ടതല്ലേ? ജീവിതം മുഴുവന്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് പരലോകജീവിതത്തിനായി കാത്തിരുന്നിട്ട് അവസാനം അവിടെപോകാന്‍ അവസരം ലഭിക്കുമ്പോള്‍ വാര്‍ദ്ധക്യംപോലും മറന്ന് അലമുറയിടുന്നത് തികഞ്ഞ കാപട്യമല്ലേ? മരിക്കാന്‍ പോകുന്നവരോട് തങ്ങളുടെ ഉറ്റബന്ധുക്കള്‍ക്കുള്ള സന്ദേശം കൊടുത്തയക്കാന്‍ മതവിശ്വാസികള്‍ തയ്യാറാവാത്തതെന്ത്?
ഭാരതീയരെ സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങള്‍ പഴഞ്ചനാണ്. ചാര്‍വാകന്‍മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുറേക്കൂടി കമനീയമായിത് ചോദിച്ചിട്ടുണ്ട്. ബലി കൊടുക്കപ്പെടുന്ന സാധുമൃഗങ്ങള്‍ നേരെ സ്വര്‍ഗ്ഗത്ത് പോകുമെങ്കില്‍ എന്തുകൊണ്ട് സ്വന്തം മാതാപിതാക്കളുടെ കഴുത്തറുത്ത് അവരെ ബലി നടത്തുന്നില്ല?-എന്ന ചോദ്യവുമായാണ് അവര്‍ ബ്രാഹ്മണമേധാവിത്വത്തെ വെല്ലുവിളിച്ചത്. മരണവേളയില്‍ വിശ്വാസികള്‍ അവര്‍ പ്രചരിപ്പിക്കുന്ന വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാത്തതെന്ത്? ഒന്നുകില്‍ അവര്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നതില്‍ അവര്‍ക്ക് വിശ്വാസമില്ല. മതവിശ്വാസി സമൂഹത്തെപ്പേടിച്ച് ജീവിതാവസാനം വരെ വിശ്വാസം അഭിനയിച്ചുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ മരണത്തെ അവര്‍ക്ക് ഭയമാണ്. മതദൈവത്തില്‍ വിശ്വസിച്ചാല്‍ മരണത്തെ പേടിയില്ലാതെ നേരിടാം എന്നതാണ് മതം മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ വാഗ്ദാനം. രണ്ടും കൂട്ടിവായിക്കുമ്പോള്‍ ചില പന്തികേടുകളുണ്ട്.
വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കള്‍ക്ക് ഒരു തുള്ളി ഔഷധമോ ഒരു കീറ് തുണിയോ ഒരുപിടി ആഹാരമോ കൊടുക്കാതെ മരണശേഷം ക്വാളിസും പജോറയും ഒരുക്കുന്ന സുഖശീതളിമയില്‍ യാത്രചെയ്ത് അവരുടെ പേരില്‍ ബലിയിട്ട് 'ത്യാഗി'കളും
മാന്യമാരുമായി ഞെളിയുന്ന അധമരുടെ ആശാകേന്ദ്രമായി മതം നിലനില്‍ക്കുന്നിടത്തോളം അത് ജനകീയമായിരിക്കുമെന്ന് കാണാന്‍ വിഷമമില്ല. ജീവിച്ചിരിക്കുന്നവര്‍ക്കാണ് കരുണയും ദയയും വേണ്ടത്. അവര്‍ക്കാണ് ആഹാരവും വസ്ത്രവും വേണ്ടത്. അത് നിഷേധിച്ചിട്ട് മരണശേഷം അവര്‍ക്ക് വേണ്ടി ശ്രാദ്ധം ചെയ്യുന്ന അധമരെ നോക്കി ''മൃതനാമപി ജന്തൂനാം ശ്രാദ്ധം ചേത് തൃപ്തികാരണം, ഗച്ഛിതാമഹ ജന്തുനാം വ്യര്‍ത്ഥം പാഥേയ കല്‍പ്പനം'' എന്ന് പച്ചയായി പറഞ്ഞവരാണ് ചാര്‍വകന്‍മാര്‍. സമ്മാനം കൊതിച്ചും ശിക്ഷ ഭയന്നും മതം മനുഷ്യനില്‍ കുത്തിവെക്കുന്ന വ്യാജധാര്‍മ്മികത അവനെ കൂടുതല്‍ കച്ചവടക്കണ്ണുള്ളവനും അധമനുമായി തരം താഴ്ത്തുകയാണ് ചെയ്യുന്നത്.
മതപരമായ അനുഷ്ഠാനത്തിലൂടെ ആരെങ്കിലും മെച്ചപ്പെട്ട മാനസികനില കൈവരിക്കാറുണ്ടോ? ആഘാതങ്ങള്‍ (shocks)നേരിടാന്‍ വിശ്വാസം നല്ലതാണെന്ന മതപ്രചരണം നോക്കാം. വെറുതെ മസ്തിഷ്‌ക്കത്തെ വിശ്വാസിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കില്ല. ഇനി സാധിച്ചാലും അതുകൊണ്ട് പ്രയോജനമില്ല. അസ്ഥികള്‍ മരവിക്കുന്ന തണുപ്പുള്ളിടത്ത് ചെന്ന് നിന്നിട്ട് 'ഓ ഇവിടം എത്ര ഊഷ്മളമാണ്! 'എന്നു സ്വയം പറഞ്ഞതുകൊണ്ട് തണുപ്പ് മാറില്ല. സിംഹത്തിന്റെ മുന്നില്‍ അകപ്പെടുമ്പോള്‍ 'ഇതൊരു സിംഹമല്ല, വെറും മുയലാണ്' എന്ന് ചിന്തിച്ചതുകൊണ്ട് അപകടം ഒഴിയുകയുമില്ല. യാഥാര്‍ത്ഥ്യം കിനാവ് കണ്ടകറ്റാകാനാകില്ല. ശൈത്യം ശൈത്യം തന്നെയാണ്, സിംഹം സിംഹവും. അവയൊക്കെ അങ്ങനെയല്ല എന്ന് സങ്കല്‍പ്പിക്കുന്നതുകൊണ്ട് വിശ്വാസിക്ക് വലിയ പ്രയോജനമുണ്ടാവില്ല. ആഘാതങ്ങള്‍ നേരിടാന്‍ നല്ലത് യാഥാര്‍ത്ഥ്യബോധം തന്നെയാണ്. ആഗ്രഹങ്ങളും മോഹവും കെട്ടഴിച്ചുവിടുന്നതു കൊണ്ട് യാഥാര്‍ത്ഥ്യത്തെ ആട്ടിപ്പായിക്കാനാവില്ല.
ധ്യാനവും പ്രാര്‍ത്ഥനയും ആത്മനിയന്ത്രണത്തിനും സമ്മര്‍ദ്ദലഘൂകരണത്തിനും സഹായകരമാണെന്നുള്ള പ്രചരണം കോടികള്‍ വിറ്റുവരവുള്ള 'സമ്മര്‍ദ്ദവ്യവസായ'(Stress Industry)ത്തിന്റെ ജീവനാഡിയാണ്. ജീവിതസമ്മര്‍ദ്ദം(Stress) എല്ലാവര്‍ക്കുമുണ്ട്;ഉണ്ടാവുകയും വേണം. ജൈവികമായ ഒരനിവാര്യതയാണത്. സമ്മര്‍ദ്ദം അധികരിക്കുമ്പോള്‍ ജീവിക്ക് സ്വയം പരിഹരിക്കാന്‍ കഴിയേണ്ടതാണ്;ജീവിക്ക് മാത്രമേ അത് സാധിക്കൂ. മനസ്സമാധാനം ബാഹ്യമായി ഒട്ടിച്ചുവെക്കാവുന്ന ഒന്നല്ല. അത് ആന്തരികമായി നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്. കൃത്രിമ മന:ശ്ശാന്തിക്ക് ആയുസ്സധികമില്ല. താന്‍ ദിവസവും ധ്യാനത്തിലൂടെ(Meditation)ആത്മനിയന്ത്രണം നേടുന്നുവെന്ന് ഒരാള്‍ പറഞ്ഞാല്‍ അയാള്‍ക്ക് സാരമായ പ്രശ്‌നമുണ്ട് എന്നാണര്‍ത്ഥം. സമ്മര്‍ദ്ദലഘൂകരണത്തിനുള്ള ശേഷി ഓരോ വ്യക്തിക്കുമുണ്ട്. യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി അംഗീകരിക്കലാണ് മാനസികസമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം. അതായത് സാമാന്യബുദ്ധിയും യാഥാര്‍ത്ഥ്യബോധവുമുള്ള ഒരാള്‍ക്ക് ജീവിതം ഒരാഘോഷമായിരിക്കും.
സമ്മര്‍ദ്ദം ഭജന പാടി ഇല്ലാതാക്കാനാവില്ല, ഇല്ലാതാക്കേണ്ടതുമില്ല. ശരിയായതോതിലുള്ള സമ്മര്‍ദ്ദം(Ideal stress)ജീവിതവിജയത്തിന് അനിവാര്യമാണ്. വീണയിലെ തന്ത്രികള്‍ പോലെയാണത്. വല്ലാതെ അയഞ്ഞുകിടന്നാലും അധികം മുറുകിയാലും ശ്രുതി പാളും. ജീവിതസമ്മര്‍ദ്ദം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇല്ലാതാകുന്നത് ജീവിതം തന്നെയാണ്. നായയുടെ വാല് മുറിച്ച് അതിന്റെ സൗന്ദര്യം കൂട്ടാന്‍ ശ്രമിക്കുന്നത് ക്രൂരതയാകുന്നു. ദിശയും ഗതിയും തിരച്ചറിയാനും ശരീരത്തിന്റെ തുലനാവസ്ഥ നിലനിറുത്തുവാനും വാല്‍ പ്രയോജനപ്പെടുന്നുണ്ട്. സമ്മര്‍ദ്ദം (Stress)കര്‍മ്മശേഷിയെ ഉത്തേജിപ്പിക്കുകയും ജാഗ്രത യുടെ മൂര്‍ച്ച കൂട്ടുകയും ചെയ്യും. ഒരപകടം സൃഷ്ടിക്കുന്ന ഭീതിയിലും സമ്മര്‍ദ്ദത്തിലും അതിവേഗത്തില്‍ കുതിച്ചോടുന്ന ഒരാള്‍ക്ക് സാധാരണഗതിയില്‍ ആ വേഗം കൈവരിക്കാനാവില്ല. വായിച്ചുനോക്കാന്‍ പോലും താല്പര്യപ്പെടാത്ത പാഠഭാഗങ്ങള്‍ 'പരീക്ഷാച്ചൂടില്‍'പഠിച്ചെടുക്കാനാവും. ശരിയായ സമ്മര്‍ദ്ദം ജീവിയുടെ അതിജീവനമന്ത്രമാണ്.
ഇത് കേവലം മാനസികമായ അവസ്ഥ മാത്രമല്ല. ശാരീരികമായി നിരവധി എന്‍സൈമുകളും രസങ്ങളും സമ്മര്‍ദ്ദസമയത്ത് നിര്‍മ്മിക്കപ്പെടുന്നുണ്ട്. പേശീപരമായ ദൃഢീകരണവും സംഭവിക്കുന്നു. പോരാടാനും പിന്തിരിയാനുമുള്ള(Fight or Flee) ശാരീരികസന്നദ്ധത സൃഷ്ടിക്കുന്നതിലും അതിന് നിര്‍ണ്ണായക പങ്കുണ്ട്. എല്ലാ ചികിത്സയും ശരീരമാണ് നടത്തുന്നത്. ഔഷധം ഉല്‍പ്രേരകം മാത്രം. സ്വയം ചികിത്സിക്കാനുള്ള മാനസികവും ശാരീരികവുമായ കഴിവ് മനുഷ്യനുണ്ട്. മതത്തിനെന്നല്ല ആര്‍ക്കുമത് മുതലെടുക്കാം. അസന്ദിഗ്ധതയും പ്രവചനാതീതതയുമാണ് ജീവിതത്തെ അനുനിമിഷം ആവേശകരമാക്കുന്നത്. അവ നഷ്ടപ്പെടുമ്പോള്‍ ജീവിതം വിരസവും വിലക്ഷണവുമാകും. മതവിശ്വാസം, ആള്‍ദൈവവിശ്വാസം എന്നിവ സമ്മര്‍ദ്ദം താങ്ങാനാവാത്തരീതിയില്‍ വ്യക്തിയെ ദുര്‍ബലപ്പെടുത്താം.
മതഭക്തി തീവ്രമാകുമ്പോള്‍ അസഹിഷ്ണുത പൂത്തുലയും. അതിവൈകാരികതയും അമിതഭക്തിയും ഇരട്ടക്കുട്ടികളാണ്. രക്തസമ്മര്‍ദ്ദം കൂട്ടുന്നതില്‍ ഉപ്പെന്നപോലെയാണ് മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതില്‍ അതിവൈകാരികതയ്ക്കുള്ള പങ്ക്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാതെ താന്‍ വിധിയുടെ കയ്യിലെ കളിപ്പാവയാണെന്ന് ചിന്തിക്കുന്ന വ്യക്തിയില്‍ അമിതസമ്മര്‍ദ്ദവും ആശങ്കയും വിട്ടൊഴിയാനിടയില്ല. മതാരാധനയിലൂടെ വിശ്വാസി നേടിയെടുക്കുന്നതൊക്കെ മതവിശ്വാസത്തിലൂടെ നഷ്ടപ്പെടുത്തിയത് മാത്രമാകുന്നു. മതാരഹിതനായ യാഥാര്‍ത്ഥ്യബോധമുള്ള ഒരു മനുഷ്യന്‍ നേടിയെടുക്കുന്ന മാനസിക കരുത്തും ആത്മവിശ്വാസവും സംതുലിതാവസ്ഥയുമാണ് വിശ്വാസി പണവും ഊര്‍ജ്ജവും സമയവും ചെലവഴിച്ച് 'മതമാര്‍ഗ്ഗ'ത്തിലൂടെ നേടിയെടുക്കുന്നത്. വഴിപാട് കഴിച്ചും തുലാഭാരം നടത്തിയും ആത്മവിശ്വാസം നേടുന്നതായി വീരവാദമടിക്കുന്ന വിശ്വാസി തന്നെ സംസാരഭാഷയില്‍ പലപ്പോഴും 'ഒക്കെ വെറും വഴിപാടുപോലെ ആയിപ്പോയി' എന്നു മൊഴിയുന്നതും കാണാം.
![]() |
| Shakunthala cursed by Durvasa |
മതം അവതരിപ്പിക്കുന്ന ദിവ്യശക്തി ജഡമാണ്;അത്ഭുതങ്ങള്‍ നുണകളും. അര്‍ബുദം വരെ നുള്ളിയെടുക്കുന്ന ധ്യാനകേന്ദ്രങ്ങള്‍ വരട്ടുചൊറിയെങ്കിലും ചികിത്സയില്ലാതെ ഭേദമാക്കിയാല്‍ സംശയാലുക്കള്‍ മാപ്പിരക്കും. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി സുവിശേഷകര്‍ മുതല്‍ പോപ്പുമാര്‍ വരെ നെട്ടോട്ടമോടുമ്പോള്‍ അതെല്ലാം സ്വപ്നമായി തുടരും. മതം മതപ്രാചാരകര്‍ക്ക് ആശ്വാസം കൊണ്ടുവരുന്നുണ്ട്. പാറപ്പണിയൊന്നും ചെയ്ത് ദേഹം വിയര്‍ക്കേണ്ടി വരുന്നില്ല എന്ന മനസമാധാനം അത്ര നിസ്സാരമാണോ? നാസ്തികരാകട്ടെ 'ദൈവഭയം'കാരണം സ്വസ്ഥമായി ജീവിക്കുന്നു. വ്യക്തിക്കും സമൂഹത്തിനും ഇത്രയുമധികം പരിക്കേല്‍പ്പിക്കുന്ന കഥാപാത്രം ദൈവത്തെപ്പോലെ വേറെയില്ലെന്ന് ബോധ്യമുള്ളതിനാലാണ് അവര്‍ ദൈവത്തെ 'ഭയക്കുന്നത്'. ഈ ദൈവഭയം ഇല്ലാതിരുന്നെങ്കില്‍ നാസ്തികരെല്ലാം മതത്തിലേക്ക് മാര്‍ച്ചു ചെയ്യുമായിരുന്നു.****




